മീനങ്ങാടി: കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും വിധിച്ചു.
കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. പഴുപ്പത്തൂർ അരിവയൽ തെരക്കാട്ട് വയലിൽ രാജേഷ് എന്ന ഉണ്ണി (43)യെയാണ് ജഡ്ജി പി. സൈദലവി ശിക്ഷിച്ചത്.
ഐപിസി 307-ാം വകുപ്പ് (വധശ്രമം) പ്രകാരം 10 വർഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം മാരകായുധം ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിന് ഏഴ് വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കി. 2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.
അരിവയലിൽ വാടകയ്ക്ക് താമസിച്ചിരുന്ന മൂടക്കൊല്ലി സ്വദേശിയായ റെജി എന്നയാളോട് പണം കടം നൽകാൻ വിസമ്മതിച്ചതും മറ്റൊരു കേസിൽ ജാമ്യം നിൽക്കാതിരുന്നതുമായ വിരോധത്തെ തുടർന്ന് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന രാജേഷ് കത്തി ഉപയോഗിച്ച് കഴുത്തിലും ചെവിയുടെ പിറകിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മീനങ്ങാടി പോലീസ് റെജിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ 2025ൽ റെജി ആത്മഹത്യ ചെയ്തിരുന്നു. അന്നത്തെ മീനങ്ങാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. രാംകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.